പാടാൻ പാട്ടുകൾ നൽകി ആൾക്കൂട്ടത്തിൽ തനിയെ ഒരാൾ...

Manivilaku

2/3/20241 min read

പാടാൻ പാട്ടുകൾ നൽകി ആൾക്കൂട്ടത്തിൽ തനിയെ ഒരാൾ...

കേരള ക്രൈസ്തവർക്കിടയിൽ പ്രസിദ്ധിയാർജിച്ച ഇമ്പകരമായ പല ഗാനങ്ങൾ പാടുകയും രചിക്കുകയും സംഗീതം നൽകുകയും ചെയ്ത മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗമായ ശ്രീ മൊബെറ്റ് രാജൻ.

"മിന്നാമിന്നി പോലെ മിന്നിത്താരമെങ്ങും" എന്ന പാട്ട് കേട്ടാസ്വദിക്കാത്ത മലയാളികളില്ല. യൽദോ (ക്രിസ്മസ്) പെരുന്നാളിനോട് അനുബന്ധിച്ചു പല പരിപാടികളിലും ഒഴിച്ചുകൂടാനാവാത്ത ഈ ഗാനത്തിനു ഈണം നൽകിയത് ശ്രീ മൊബെറ്റ് രാജനാണെന്ന് നമ്മിൽ എത്രപേർക്ക് അറിയാം.? 2006 ൽ ജോലിസ്ഥലത്തുണ്ടായ ഒരപകടവുമായി ബന്ധപ്പെട്ട് ചികിത്സയിലിരിയ്ക്കേ ഈ ഗാനത്തിന്റെ വരികൾ എഴുതിയ ബഹുമാനപ്പെട്ട ഷാജി തുമ്പേചിറയിൽ അച്ചനുമായുണ്ടായ പരിചയമാണ് സംഭവബഹുലമായ സംഗീത ലോകത്തുള്ള തന്റെ ജീവിതം ആരംഭിച്ചത്. "മുറിയുന്ന തിരുവോസ്തിയിൽ" എന്ന ഗാനം ആണ് ആദ്യം രചിച്ചത്.

"കർത്താവിനെ ഇനി എല്ലാവരും രക്ഷകനും നാഥനുമായി ഉദ്ഘോഷിക്കട്ടെ" എന്ന "രണ്ടാം വരവിൻ അമ്മേ മേരി കന്യാമാതാവേ" എന്ന ഗാനത്തിന്റെ വരിയുടെ അർത്ഥം പോലെ, ഈ ലോകം മുഴുവനും മോറാൻ യേശുമിശിഹായെ അവരുടെ രക്ഷകനും നാഥനുമായി പ്രഘോഷിക്കട്ടെ എന്നതാണ് ശ്രീ മൊബെറ്റ് രാജന്റെ ആഗ്രഹവും അദ്ദേഹത്തിന്റെ ദൗത്യവും. ഒരു പ്രാവശ്യം പാടുന്നവർ രണ്ടു പ്രാവശ്യം പ്രാർത്ഥിക്കുന്നു എന്നാണ് പറയപ്പെടുന്നത് അപ്പോൾ തനിക്ക് ലഭിച്ചിരിക്കുന്ന ഈ കഴിവ് കൊണ്ട് ഗാനങ്ങൾ രചിച്ചും ഈണം നൽകിയും ആളുകളെ അവർ പോലും അറിയാതെ തന്നെ കർത്താവിനോട് പ്രാർത്ഥിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ശ്രീ. മൊബെറ്റ് രാജൻ. പ്രതിഫലം ഇച്ഛിക്കാതെ ത്രിയേക ദൈവത്തിന്റെ വലിയ തിരുനാമം മഹത്വപ്പെടുത്തുവാനായി ജീവിതം തന്നെ മാറ്റിവെച്ച ഈ അനുഗ്രഹീത കലാകാരൻ മലങ്കര സഭാംഗമാണെന്നുള്ളതിൽ മലങ്കര സഭക്ക് എന്നും അഭിമാനിയ്ക്കാം.

"നിർമ്മലയാം കന്യേ", "താപസ്സ ഗുരുവാം താതാ", "ദൂരെ താരകം മിന്നി ", "ആരോരുമില്ലാതെ" , "ഉണ്ണി പൊന്നുണ്ണി", "ക്രിസ്സ്മസ്സിൻ രാവണഞ്ഞു", "അമ്മ മേരിക്കൊപ്പം", "കാണുന്നു സ്ത്രീയെ", "ദൂതർ പാടിയ പാട്ടുകൾ", "അമ്മേ മേരി മാതേ", "കരോൾ പാട്ടിൻ സംഘം", "ഏലോഹി ഏലോഹി ല്മ സബ്ക്കത്താനി", "മിന്നിമായും മിന്നാലോളി പോലെ" തുടങ്ങിയ ഗാനങ്ങളും, ഫാ. ഷാജി തുമ്പേചിറയിലും മാവേലിക്കര ഭദ്രാസനത്തിലെ ഫാ. മാത്യൂസ് കുഴിവിളയും ചേർന്നൊരുക്കിയ "ദൂതരോത്ത് വാനിടത്തിൽ" എന്നു തുടങ്ങുന്ന ദൈവദാസൻ പണിക്കരുവീട്ടിൽ ഗീവർഗീസ് മോർ ഇവാനിയോസ് വലിയ മെത്രാപോലീത്തായെ കുറിച്ചുള്ള ഗാനം ആലപിച്ചതും ശ്രീ മൊബെറ്റ് രാജനാണ്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ ചെങ്ങന്നൂർ വൈദീക ജില്ലയിലെ ഇലഞ്ഞിമേൽ ഇടവക അംഗം ആയിരിക്കുന്ന ശ്രീ മൊബെറ്റ് രാജന്റെ ജനനം 1981 സെപ്റ്റംബർ 17 നാണ്. ഇപ്പോൾ മാതാപിതാക്കളോടും ഭാര്യയോടും നന്മ, അബ്രാം എന്നീ രണ്ടു മക്കളോടുമൊപ്പം സന്തോഷത്തോടെ കഴിയുന്നു.

തുടർന്നുള്ള ജീവിതയാത്രയിൽ മലങ്കര മക്കളുടെ പ്രാർത്ഥനയും ഭാവുകങ്ങളും ആശംസിയ്ക്കുന്നു.

നിർമലയാം കന്യകയെ മരിയേ

താപസൻ

ആരോരുമില്ലാതെ